Monday, June 10, 2013

മഴക്കുഴികൾ ഇല്ലാതെയാകുന്നത്.....

       

ഇന്നലെ മുതൽ കാലവർഷം തകർത്താടുകയാണ്. കറുത്തിരുണ്ടു കിടക്കുന്ന മാനം പോലെ തന്നെ കരുവാളിച്ച മുഖ ഭാവത്തോടെ ഔത പൂമുഖത്തെ ചാരു കസേരയിൽ മലർന്നു കിടക്കുന്നു. തകർത്തു പെയ്യുന്ന മഴയിൽ, പുറത്തേക്കൊന്നിറങ്ങാൻ നിർവാഹമില്ലാത്തതിന്റെ എല്ലാ വിഷമവും അയാളുടെ മുഖത്ത് ദൃശ്യമാകുന്നുണ്ട്. കഴിഞ്ഞ തവണത്തെ മഴ വരുത്തിയ നാശങ്ങൾ ചില്ലറയല്ല. ഉരുൾ പൊട്ടലും, മലയിടിയലും കൃഷി നാശവും! ഇത്തവണ ഇതെന്തിനുള്ള പുറപ്പാടാണോ! ചുരുട്ടു വലിച്ചു ചെമ്പൻ നിറത്തിലേക്ക് മാറിത്തുടങ്ങിയ കപ്പടാ മീശ ചെറുതായി ഒന്നു വിറച്ചു. അപ്പന്റെ വിരലും പിടിച്ച് മല ചവിട്ടിയതാണ് ഔത... കയ്യേറിയും വെട്ടിപ്പിടിച്ചും അല്പം ഭൂമി ഉണ്ടാക്കി; പട്ടയവും ആധാരവുമായി രേഖകളും. അപ്പന്റെ കാലത്തെ പോലെ തന്നെ കഠിനമായി അദ്ധ്വാനിച്ച് ഇക്കണ്ടതൊക്കെ പരുവമാക്കി. റബ്ബറും ഏലവും, അല്പം കുരുമുളകും. മനസ്സിൽ തീമഴയായി പെയ്യുന്ന ഓരോ മഴയും വിതച്ചു പോകുന്ന നാശനഷ്ടങ്ങൾ ചില്ലറയല്ല. കഴിഞ്ഞതവണ മലയിടിഞ്ഞു കൃഷി നശിച്ചതിന്റെ നഷ്ടം ഇത്തവണ റബ്ബറിലൂടെയാണ് കുറച്ചെങ്കിലുമൊന്ന് നികത്തിയത്.

"എടാ മൈ....ക്കിളേ....."

അപ്പന്റെ ദേഷ്യത്തിലുള്ള വിളി കേട്ട്, അകത്തെ മുറിയിൽ കമഴ്ന്നു കിടന്നു ചെറിയ പുസ്തകം വായിച്ചു കൊണ്ടിരുന്ന മൈക്കിൾ, പെട്ടെന്നു തന്നെ പുസ്തകം തലയണക്കടിയിൽ പൂഴ്ത്തി, കൈലി വാരിക്കുത്തി പുറത്തേക്കോടി വന്നു. "തണുപ്പും പിടിച്ച് ഈ അപ്പൻ..." അവനു പിറുപിറുക്കാതിരിക്കാനായില്ല.

"നീയാ കൂന്താലിയെടുത്ത് മഴക്കുഴിയിലേക്കുള്ള പാത്തിയൊക്കെ നേരെയാക്കിയിട്."   
നാലു മഴക്കുഴികളുണ്ട് തോട്ടത്തിൽ - പെയ്തു വരുന്ന വെള്ളം നേരേ കുഴിയിലോട്ട് എത്തിക്കുന്ന സൂത്രം ഔതയുടെ അപ്പന്റെ കാലം മുതലേ ഉള്ളതാണ്. മൈക്കിൾ പിറുപിറുത്തു കൊണ്ട് കൂന്താലിയും, പാളത്തൊപ്പിയും എടുത്തു കൊണ്ട് തോട്ടത്തിലേക്കു നടന്നു. "നശിച്ച മഴ! എത്ര പെയ്താലും മതിവരാത്ത നാശം പിടിച്ച മഴ!" മനസ്സിൽ തോന്നിയതൊക്കെ മഴയെ പ്രാകി പറഞ്ഞു കൊണ്ടവൻ പാത്തി വൃത്തിയാക്കിത്തുടങ്ങി. അസ്വസ്ഥമായ മനസ്സോടെ ഔത വീണ്ടും ചാരുകസേരയിലേക്ക് ചാഞ്ഞു കണ്ണുകൾ മെല്ലെയടച്ചു.


                                 **************************


        "ഇന്നെങ്കിലും ഈ പേപ്പറൊക്കെ ഒന്നു ശരിയാക്കികിട്ടിയാൽ 
മതിയാരുന്നു."  മൂത്തവൻ ജോസുകുട്ടിയുടെ ബൈക്കിൽ വില്ലേജാഫീസിന്റെ പടിക്കൽ വന്നിറങ്ങുമ്പോ മൈക്കിളിന്റെ മനസ്സിൽ ആ പ്രാർത്ഥന ഒന്നു മാത്രമായിരുന്നു. ജോസുകുട്ടിയോട് പൊയ്ക്കൊള്ളാൻ പറഞ്ഞിട്ട് മൈക്കിള്‍ അകത്തേക്ക് നടന്നു.

"എന്താ മൈക്കിളേ ഇവിടെ...?" രാഘവൻ മാഷാണ്. ആകെ പ്രായമായിരിക്കുന്നുവെങ്കിലും കാഴ്ചക്കൊന്നും ഒരു കുറവുമില്ല. 
"ഒന്നൂല്ല മാഷേ, ഒരു പേപ്പർ ശരിയാക്കാനുണ്ടാരുന്നു.." 
"പേപ്പറോ, എന്ത് പേപ്പറു്...?" 
"അത് പിന്നെ, അപ്പൻ മരിക്കുന്ന സമയത്ത് സ്ഥലമൊക്കെ ഞങ്ങളാറു മക്കൾക്കും കൂടെ പകുത്ത് തന്നില്ലാരുന്നോ, " 
"ഉവ്വ്, അവിടെയാണല്ലോ നീയിപ്പോ പെര വെച്ച് താമസിക്കുന്നത്." 
"അതെ, ആ എൺപത് സെന്റിന്റെ കിഴക്കേ ഭാഗത്തുള്ള മുപ്പത് സെന്റങ്ങ് വിൽക്കാമെന്ന് കരുതിയാ. അവിടുത്തെ ആ ചെറിയ കുന്നൊന്നു നിരത്താൻ ജെസിബി യ്ക്ക് സാങ്ക്ഷൻ വാങ്ങാനാ.." 
"അതെന്തിനാ നീയത് വിൽക്കാൻ നിക്കുന്നേ....?" 
"അല്പം കാശിനാവശ്യം പെട്ടെന്ന് വന്നു മാഷേ, ഇളയവനെ ബാംഗ്ലൂരു വിട്ട് ഡോക്ടറാക്കാനാ....എങ്കിൽ ഞാൻ അങ്ങോട്ട് നിൽക്കട്ടെ മാഷേ..." മൈക്കിൾ ഓഫീസനകത്തേക്കു നടന്നു.

"എങ്ങനെ മണ്ണിൽ പണിയെടുത്ത് കുടുംബം നടത്തിയ ഔതച്ചന്റെ മകനാ! കാരിരുമ്പിന്റെ കരുത്തോടെ മണ്ണിനോട് മല്ലടിച്ച ഔതയുടെ പിന്മുറക്കാർ. ഇപ്പോ മണ്ണിടിക്കാൻ നടക്കുന്നു! " ചുട്ടു പൊള്ളുന്ന വെയിലിനെതിരെ കാലൻ കുട നിവർത്തവേ രാഘവൻ മാഷ് ചിന്തിച്ചു. 
വില്ലേജാഫീസിന്റെ വാതിൽക്കൽത്തന്നെയുള്ള മാടക്കടയിൽ 
കെട്ടിത്തൂക്കിയിട്ടിരിക്കുന്ന വെള്ളത്തിന്റെ പ്ലാസ്റ്റിക് കുപ്പിയിലേക്ക്
മാഷ് കൈനീട്ടി. മുപ്പത്തിരണ്ട് രൂപ എണ്ണിക്കൊടുത്തു കൊണ്ട് മാഷ്
വെള്ളവുമായി വെയിറ്റിംഗ് ഷെഡിലേക്ക് നടന്നു.

"എന്തായി പോയ കാര്യം....?" ഉടുത്തിരുന്ന ചട്ടയിൽ കയ്യും തുടച്ചുകൊണ്ട് പുറത്തേക്ക് വന്ന ശോശക്കുട്ടി വിയർത്തു കുളിച്ച് പരവശനായി കയറിവന്ന മൈക്കിളിനെ കണ്ട് വല്ലാതെയായി.

നെറ്റിയിലെ വിയർപ്പ് കൈവിരലാൽ തൂത്തെറിഞ്ഞു കൊണ്ട് മൈക്കിൾ പറഞ്ഞു:  
"ഹും, ഒന്നുമായില്ല, പരിസ്ഥിതിവാദികൾ കൊടിപിടിക്കുമത്രേ. ഇതിപ്പോ വിക്കാതെ നിന്ന നിൽപ്പിൽ ഏഴുലക്ഷം ഞാനെവിടുന്നുണ്ടാക്കാനാ? ഇനിയിപ്പോ പത്ത് പുത്തൻ
പാർട്ടിക്കാർക്ക് കൊടുത്തായാലും വേണ്ടീല്ല." 
"അതെ, മലനാട് പാർട്ടിയിലെ ജോയിച്ചൻ വിചാരിച്ചാൽ നടക്കും. ഒറപ്പാ.. " ശോശക്കുട്ടി തറപ്പിച്ച് പറഞ്ഞു. 
"ഉം, ഇനി നാളെയാവട്ടെ, നല്ല ക്ഷീണം, ഒന്നു കിടക്കട്ടെ.."


        അപ്പന്റെ ചാരുകസേര ഇപ്പോഴും പൊന്നു പോലെ മൈക്കിൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. പോളീഷൊക്കെ ചെയ്ത്, കാലാകാലം തുണിയും വടിയുമൊക്കെ മാറ്റി, ഇപ്പോഴും പുത്തനായിത്തന്നെ സൂക്ഷിച്ച് വെച്ചിരിക്കുന്നു. അതിൽ കിടക്കുമ്പോൾ അപ്പന്റെ സാന്നിദ്ധ്യവും ചുരുട്ടിന്റെ മണവും മൈക്കിളിനു അനുഭവിക്കാൻ
സാധിക്കാറുണ്ട്. 
"നാളെ ജോയിച്ചനെ കാണാൻ പോകണം. കാലുപിടിച്ചിട്ടാണെങ്കിലും സാംഗ്ഷൻ വാങ്ങിയെടുക്കണം."  ഓരോന്നാലോചിച്ച് മൈക്കിള്‍ ആ കസേരയിൽ കിടന്നു.

               
        "ഹോ, ഈ ജൂലൈ മാസത്തിലും എന്തൊരു ചൂടാണിത്.." ചൂടിനെ മനസ്സു നിറഞ്ഞു ശപിച്ച് കൊണ്ട് ജെസിബിയുടെ ഡ്രൈവര്‍  അയാളുടെ കാബിനിലേക്ക് കയറി. പണ്ട് ഈ കുന്നിനു സമീപത്തായി മഴക്കുഴിയുണ്ടായിരുന്ന കാര്യം മൈക്കിള്‍ ഓര്‍മിച്ചു. കാലം വളരെ മുന്നോട്ട് പോയിരിക്കുന്നു. തുള്ളിക്കൊരു കുടം പെയ്ത മഴയിന്നെവിടെ? ഇടവപ്പാതിയും കർക്കട മഴയും വഴിമറന്ന് എങ്ങോ പോയിരിക്കുന്നു. മഴനനഞ്ഞിനി എന്ന് നടക്കാനാകും. വെറുതേ മാനത്തേക്കൊന്നു നോക്കി മൈക്കിൾ നെടുവീർപ്പിട്ടു.

           ജെ സി ബിയുടെ യന്ത്രപ്പല്ലുകൾ മണ്ണിലേക്കാഴ്ന്നിറങ്ങുന്നത് നിർവ്വികാരതയോടെ മൈക്കിൾ വീക്ഷിച്ചു കൊണ്ട് നിന്നു. യന്ത്രക്കൈയാൽ വാരിക്കൂട്ടിയിടുന്ന മണ്ണു കൊണ്ടു പോകാനുള്ള ടിപ്പർ  വിളിക്കാനായി ഫോണെടുത്ത് വളരെ സാവധാനം മൈക്കിൾ മുന്നോട്ട് നടന്നു. നമ്പർ ഡയൽ ചെയ്തു  മുന്നോട്ട് നടന്ന അയാൾ ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി. വന്യമായി മുരണ്ടുകൊണ്ടിരുന്ന യന്ത്രഭീകരനെ അയാൾക്കപ്പോഴവിടെ ദൃശ്യമായില്ല. പകരം ഉയർന്നു പൊങ്ങുന്ന
ചെമ്മണ്ണ്. കട്ട പിടിച്ച പൊടി തെല്ലൊന്നൊതുങ്ങവേ  കണ്മുന്നിൽ പരന്നു
കിടക്കുന്ന മരുഭൂമി കണ്ടയാൾ ഞെട്ടി! നാസാരന്ധ്രങ്ങളിലേക്ക് തുളഞ്ഞു കയറിയ മണ്ണിന്റെ ഗന്ധം തലച്ചോറിനെ രണ്ടായി പിളർത്തിയതു പോലെ തോന്നി.   ഭീതിയോടെ പിന്തിരിഞ്ഞു നടക്കാനാഞ്ഞ അയാളുടെ പാദങ്ങൾക്കു മുന്നിൽ അപ്പന്റെ മുഖം തെളിഞ്ഞു വന്നു. ഒരിറ്റു വെള്ളത്തിനായി കേഴുന്ന ഔതയുടെ വിറയ്ക്കുന്ന  ചുണ്ടുകൾ! പെട്ടെന്നവ പഴയ മഴക്കുഴിയായി രൂപാന്തരം പ്രാപിക്കുന്നത് ഭീതിയോടെ മൈക്കിൾ നോക്കി നിന്നു. ആ ചുണ്ടുകൾക്കിടയിലേക്ക് മലവെള്ളം കുത്തിയൊലിച്ച് വരുന്നതുപോലെ പൂഴിമണൽ വന്നു വീണുകൊണ്ടിരുന്നു.  തളർച്ചയോടെ മണ്ണിലേക്ക് മുട്ടുകുത്തിയിരുന്ന അയാളുടെ തൊണ്ട വരണ്ടു. വേദനയോടെ ജോസുകുട്ടിയെ വിളിക്കാൻ ശ്രമിച്ച മൈക്കിളിന്റെ
ശബ്ദം കണ്ഠത്തിൽ കുരുങ്ങുന്നത് നിസ്സഹായതയോടെ അയാളറിഞ്ഞു. നാവു നനയ്ക്കാനൊരിറ്റു ദാഹജലത്തിനായി മൈക്കിൾ ആകാശത്തേക്ക് ദയനീയമായി നോക്കി. പെയ്യില്ലെന്ന്  ശഠിച്ചു നിന്ന മഴ മേഘങ്ങൾ കനിവ് കാട്ടിയത് പോലെ! ഒന്നുരണ്ടു തുള്ളികൾ മൈക്കിളിന്റെ ശരീരത്തിലേക്ക് പതിച്ചതയാൾ തെല്ലൊരാശ്വസത്തോടെ അറിഞ്ഞു. ചെറു തുള്ളികൾ ശക്തി പ്രാപിക്കുന്നതും ഉടലിനെയാകെ തണുപ്പിക്കുന്നതും തെല്ലൊരു കുളിരോടെ മൈക്കിളനുഭവിച്ചു. നിർവൃതിയോടെ  കണ്ണുകളയാൾ ഇറുക്കിയടച്ചു.

ഡ്രൈവറുടെ ഉച്ചത്തിലുള്ള വിളി കേട്ട് ഓടി വന്ന ജോസുകുട്ടി, ദേഹമാകെ പൊടിയിൽ മുങ്ങി കിടക്കുന്ന അപ്പന്റെ  രൂപം കണ്ടു
സ്തബ്ധനായി.  കൈത്തണ്ടയിൽ അപ്പനെ കോരിയെടുക്കുമ്പോൾ, വാടിയ ചേനത്തണ്ടു പോലെ കിടന്ന മൈക്കിളിന്റെ ശരീരത്തിനു മഞ്ഞുകട്ടയുടെ തണുപ്പായിരുന്നു!വര ... കാർട്ടൂണിസ്റ്റ് ഷാജി മാത്യൂ.

ജൂൺലക്കം ഇമഷി ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ച കഥ

www.emashi.blogspot.in

42 comments:

  1. വായിച്ചിരുന്നു. നല്ല കഥ

    ReplyDelete
  2. ആശയം വ്യക്തമായി വായനക്കാരില്‍ എത്തും.
    നന്നായി എഴുതി നവാസ്.

    ReplyDelete
  3. ഈ മഷിയില്‍ വായിച്ചിരുന്ന്‍ വളരെ നന്നായിട്ടുണ്ട് ആശംസകള്‍ നവാസ് ഭായ്

    ReplyDelete
  4. പഴയ കാലത്ത് മണ്ണ് കിളക്കാനും കൃഷിപ്പണിയും ഒക്കെ ചെയ്യാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു , എന്നാല്‍ ഇന്ന് എല്ലാവരും മക്കളെ ഉദ്ദ്യോഗക്കാരായി മാറ്റാന്‍ ആണ് ആളുകള്‍ ശ്രമിക്കുന്നത് ...

    പണ്ട് മണ്ണിനെ അറിഞ്ഞവര്‍ , മണ്ണിനെ സ്നേഹിച്ചവര്‍ മണ്ണില്‍ നിന്നും നേടി എന്നാല്‍ ഇന്ന് കൊണ്ഗ്രീറ്റ് കൊട്ടാരങ്ങള്‍ കെട്ടാന്‍ വേണ്ടി മനുഷ്യര്‍ മണ്ണിന്റെ മാറ് പിളര്‍ത്തുന്നു .

    ReplyDelete
  5. മനുഷ്യന്റെ സന്മനോഭാവവും പ്രക്ര്‌തിയുടെ ഔദാര്യപൂർവ്വമായ പെരുമാറ്റവും പരസ്പരപൂരകമെന്ന് മുൻ തലമുറയുടെ വിശുദ്ധമായൊരു കാഴ്ചപ്പാടാണ്. ഇതിന് വിരുദ്ധമാണ് ദുര അരങ്ങ് വാഴുന്ന വർത്തമാനകാല അവസ്ഥ. അത് അനിവാര്യമാക്കുന്ന തിക്തഫലങ്ങൾ കുപ്പിവെള്ളത്തിന് കൈനീട്ടേണ്ടിവരുന്ന ദുരവസ്ഥയിലെത്തിനിൽക്കുന്നു.

    മനോഭാവങ്ങളിൽ ഒരു തിരിഞ്ഞുനടത്തത്തിന്റെ ആവശ്യകത തെര്യപ്പെടുത്തുന്ന ഇക്കഥ രചനയിലെന്നപോലെ സന്ദേശത്തിലും മികവ് പുലർത്തുന്നു. ആശംസകൾ.

    ReplyDelete
  6. navas mannine snehikunna manasine njaan ivide kandu

    ReplyDelete
  7. കൂടാരങ്ങളില്‍ വായിക്കുന്ന നല്ലൊരു വായനാനുഭവം നല്‍കിയ കഥ. പ്രകൃതിയെ കൊന്നു മനുഷ്യന്‍ സ്വാര്‍ത്ഥനാവുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്നത്തെ ലോകം കടന്നു പോകുന്നത്,.കഴിഞ്ഞ തലമുറ നമുക്കായി മാറ്റി വെച്ചതെല്ലാം നമ്മള്‍ മുന്നേ വരുന്നവര്‍ക്കായി കൊടുക്കാതെ നാം വീതം വെച്ചു തീര്‍ക്കുന്നു,,കഥയില്‍ കൂടി സമൂഹത്തിനു നല്‍കിയ സന്തേശം അഭിനന്ദനാര്‍ഹം ,

    ReplyDelete
  8. മികച്ച രീതിയില്‍ അവതരിപ്പിച്ചു...

    ReplyDelete
  9. നന്നായി എഴുതി, ആശംസകള്‍

    ReplyDelete
  10. നന്നായി എഴുതി. ആശംസകള്‍

    ReplyDelete
  11. നന്നായിട്ടുണ്ട് പക്ഷെ അടഞ്ഞ മനസുള്ള ഇന്നത്തെ സമൂഹത്തില്‍ ഫലം എന്തുണ്ടാകും എന്നറിയില്ല. എങ്കിലും മനസിനെ ഒന്ന് പിടിച്ചു ഉലയ്ക്കുന്ന ഈ കഥയ്ക്ക് അഭിനന്ദനങ്ങള്‍!!!!!.

    ReplyDelete
  12. ഇന്ന് മണ്ണിനോടെല്ലാവര്‍ക്കും ആര്‍ത്തിയാണ്!
    കാടുകളും,മലകളും,പുഴകളും,കുളങ്ങളും കശാപ്പുകാരന്‍റെ ചാതുര്യത്തോടെ വെടിപ്പാക്കി വെട്ടിവെട്ടി കഷണങ്ങളാക്കി വീതംവെയ്ക്കുന്ന ദുരമൂത്തവനായി മനുഷ്യന്‍.....
    കുടിനീരിനായി.......
    കഥ നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  13. നല്ല എഴുത്ത്

    എല്ലാ ആശംസകളും

    ReplyDelete
  14. ഇ- മഷിയിൽ വായിച്ചു അഭിപ്രായവും രേഖപ്പെടുത്തി .... സാധാരണ നിലയില പുരോഗമിക്കുന്ന കഥ ... ആശംസകൾ

    ReplyDelete
  15. ആശയം ഭംഗിയായി അവതരിപ്പിച്ചു..

    ReplyDelete
  16. നല്ലൊരു കഥ എന്നതിനെക്കാൾ നല്ലൊരു സന്ദേശം എന്നേ പറയാൻ കഴിയൂ..

    കഥാകൃത്തിനു സമൂഹത്തോടു പറയാനുള്ളതിൽ കൂടുതലായി ഊന്നിയാൽ, അത്തരം കഥകൾക്ക് ഇങ്ങനെയൊരു സ്വഭാവമാണുണ്ടാകക.. സന്ദേശം ഉയർന്നു നിൽക്കുകയും കഥയുടേതായ സ്വഭാവം കുറയുകയും ചെയ്യും..

    ReplyDelete
  17. കഥ നല്‍കുന്ന സന്ദേശം വളരെ വലുതാണ്.... പ്രചരിപ്പിക്കേണ്ട ആശയങ്ങള്‍ വെറുതെ ലേഖനരൂപത്തില്‍ അവതരിപ്പിക്കുന്നതിലും ശക്തമായി അവ സര്‍ഗസൃഷ്ടികളില്‍ ഉള്‍ച്ചേര്‍ത്ത് അവതരിപ്പിച്ച് മനസ്സുകളിലേക്ക് പതിപ്പിക്കാനാവും....- ഈ കഥ അത്തരമൊരു വലിയ ധര്‍മ്മം നിര്‍വ്വഹിക്കുന്നു എന്നാണ് വായന കഴിഞ്ഞപ്പോള്‍ തോന്നിയത്.....

    ReplyDelete
  18. പ്രകൃതിയെങ്ങനെ സഹിയ്ക്കും?

    നല്ല കഥ

    ReplyDelete
  19. ഒരു കഥ എന്നതിലുപരി , അതിലെ സന്ദേശം ഉള്‍ക്കൊള്ളാന്‍ കുറച്ചു പേരെങ്കിലും ശ്രമിച്ചാല്‍ .... നവാസിക്കാ..... ഇത് വിജയിചൂന്നു പറയാം!!! :)

    മനുഷ്യന്‍ പ്രകൃതിയുടെ വില തിരിച്ചറിയുന്ന കാലം വരാന്‍ പോകുന്നതേ ഉള്ളൂ...!!!

    ReplyDelete
  20. നല്ലൊരു സന്ദേശം ഉള്‍ക്കൊള്ളുന്നുണ്ട് ഈ കഥ, എല്ലാവരും ഉറക്കെ ചിന്തിക്കേണ്ട ഒന്ന്. ആ സന്ദേശത്തിന്‍റെ അട്ടഹാസത്തില്‍ കഥപറച്ചിലിന്‍റെ താളം ഒരിത്തിരി താഴ്ന്നില്ലേ എന്ന് എന്‍റെ വായനയുടെ സത്യസന്ധമായ വിലയിരുത്തല്‍.....,. പക്ഷേ ഈ ഒരു സന്ദേശം വായനക്കാരനിലേക്ക് എത്തിക്കാന്‍ മികച്ച ഉപാധിയും ഈ കഥപറച്ചില്‍ രീതി തന്നെ. (വെറുതെ നല്ല വാക്കുകളില്‍ ഒതുക്കേണ്ട എഴുത്തുകാരനല്ല എന്ന് തോന്നിയതുകൊണ്ടാണ് ഈ തുറന്നഭിപ്രായം)

    ReplyDelete
  21. ഇതാണ് കഥയും കാര്യവും...

    ReplyDelete
  22. യാദൃശ്ചികമായി നമ്മള്‍ രണ്ടാളും ഒരേ വിഷയത്തിന്റെ രണ്ടു തലങ്ങളാണ് ഇപ്രാവശ്യം വിഷയം ആകിയിരിക്കുന്നത് :). മനോഹരമായി അവതരിപ്പിച്ചു, ഭാവുകങ്ങള്‍..... സമയമുള്ളപ്പോള്‍ അവിടേക്കും വരിക... :)

    ReplyDelete
  23. കൂടാരം സ്ഥിരം കൂടാരങ്ങൾ വിട്ടു വായനയുടെ പുതിയ മേച്ചിൽ പുറത്തേയ്ക്കാണല്ലോ വായനക്കാരനെ കൊണ്ട് പോകുന്നത് :) വ്യത്യസ്തമായ വായനാനുഭവം ആശംസകൾ ...!

    ReplyDelete
  24. നന്നായിരിക്കുന്നു...
    ഇപ്പൊ ജെസിബി കിട്ടാനോക്കെ എന്ത് പാടാ !!!

    ReplyDelete
  25. ശോ നീ ബ്ലോഗിൽ ഇടുമെന്നു ലവലേശം വിജാരിച്ചില്ല
    കാരണം ഞാൻ റിസ്കെടുത്തു ഇ-മഷിയിൽ വായിച്ചായിരുന്നു

    നന്നായി എഴുതി. ആശംസകള്‍

    ReplyDelete
  26. കഥയുടെ തുടക്കം ഒരു ഉടയോന്‍ സിനിമ പോലെ തോന്നിച്ചു എങ്കിലും അവസാനം ആയപ്പോഴേക്കും കഥ ഗൌരവുമുള്ള സമകാലിക വിഷയത്തിലേക്ക് വന്നു പരിസ്ഥിതിയും അതിന്‍റെ സംരക്ഷണവും എയുത്ത്ക്കാരന്റെ ഉള്ളില്‍ എത്ര മാത്രം പ്രസക്തമായി കിടക്കുന്നു എന്നത് കഥയുടെ പ്രമേയത്തില്‍ വളരെ വെക്തമായി കാണാം .നവാസിന്‍റെ ഇതിലും നല്ലകഥകള്‍ ഞാന്‍ വായിച്ചത് കൊണ്ട് തന്നെ പറയാന്‍ ഉള്ളത് ഇനിയും ഇനിയും നന്നാക്കി എഴുതാന്‍ ശ്രമിക്കണം നവാസിന് അതിനു കഴിയും

    ReplyDelete
  27. മഴക്കുഴികള്‍ ഇല്ലാതെ ആകുമ്പോള്‍ ശവക്കുഴികള്‍ ആണ് നാം തേടേണ്ടതെന്നു ഓര്‍മ്മിപ്പിക്കുന്ന മണ്ണിന്റെ മണമുള്ള കഥ. ആശംസകള്‍ .

    ReplyDelete
  28. മനുഷ്യന്‍ അവനവനുവേണ്ടിയും വരും തലമുറയ്ക്ക് വേണ്ടിയും സ്വയം ശവക്കുഴികള്‍ തകൃതിയായൊരുക്കിക്കൊണ്ടിരിക്കുന്നു. മണ്ണും മണവും മഴയും മനുഷ്യനും ഒക്കെ തമ്മിലുണ്ടായിരുന്ന ബന്ധങ്ങള്‍ക്ക് കാതങ്ങളുടെ വിടവകലം വന്നിരിക്കുന്നു.

    മനോഹരമായ കഥ ഭായ്..

    ReplyDelete
  29. ഇതു കഥയല്ല. കാര്യമാണ്. ഈ തലമുറ ഓര്‍ക്കേണ്ട കാര്യം. നന്നായി എഴുതി.

    ReplyDelete
  30. നല്ല ആശയം അതിനൊത്ത അവതരണവും....
    പക്ഷെ പെട്ടെന്ന് തീര്‍ക്കേണ്ടായിരുന്നു !
    മനസ്സില്‍ ഒരു കുളിര് വന്നപ്പോഴേക്കും കഥ കാര്യമായി !!

    ആസ്രൂസാശംസകള്‍

    ReplyDelete
  31. നല്ല കഥ.
    അഭിനന്ദനങ്ങൾ!

    ReplyDelete
  32. nannayittundennu njaan nerathe paranjathalle... a good message...
    Joseph

    ReplyDelete
  33. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  34. ലേഖനം എന്നത് കഥയായ് മാറുമ്പോള്‍ എന്ത് ഭംഗി എന്നത് ഈ കഥയില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നു. നല്ല സന്ദേശം നല്‍കുന്ന ഇത്തരം വിഷയങ്ങള്‍ കഥയായ് കൈകാര്യം ചെയ്യുമ്പോള്‍ ഒന്നുകൂടി ശ്രദ്ധിക്കുമല്ലോ ..! കഥയ്ക്കുള്ളിലെ ന്യൂനതകള്‍ കീറി മുറിക്കുവാന്‍ ഈ കഥ നല്‍കുന്ന നന്മ നിറഞ്ഞ സന്ദേശം അനുവദിക്കാത്തതിനാല്‍ ഒരു സ്നേഹ സലാം നവാസ്‌..! തുടരുക ഇനിയും ആശംസകള്‍ ..!

    ReplyDelete
  35. ഇ മഷിയിൽ വായിച്ചിരുന്നു കഥ. കഥക്കുള്ളിലെ കാര്യം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മികവ്. പുതുതലമുറ മറന്നു പോകുന്ന ഇത്തരം സത്യങ്ങൾ ഭാവി തലമുറയെന്നല്ല ഇന്നല്ലെങ്കിൽ നാളെ നാം തന്നെ അനുഭവിക്കേണ്ടതാണെന്ന ബോധ്യം മനുഷ്യർക്കുണ്ടായെങ്കിൽ..


    നല്ലൊരു സന്ദേശം നല്ല ഭാഷയിൽ പകർത്തി വെച്ചു. ആശംസകള്..!

    ReplyDelete
  36. ശക്തമായ ഒരു സന്ദേശം വിളിച്ചോതുന്ന നല്ലൊരു കഥ.നല്ല ഭാഷ..ആശംസകള്‍

    ReplyDelete
  37. നിലവിലെ പാരിസ്ഥിതിക പ്രശ്ങ്ങങ്ങളുടെ പശ്ചാത്തലത്തിൽ, ബോധപൂർവ്വം രണ്ടു കാലങ്ങളെ തുലനം ചെയ്യുന്ന പ്രത്യേക താത്പര്യാർത്ഥം എഴുതിയ ഒരു കഥ. കുന്നിടിച്ചും മഴക്കുഴി തൂർത്തും വെള്ളം ശേഖരിച്ചു വെക്കാനുള്ള ഭൂമിയുടെ ശേഷിയെ ഇല്ലാതാക്കി ജീവജലം സ്വയം നഷ്ടപ്പെടുത്തി, ഒടുക്കം സർവ്വസ്വത്തെയും വരൾച്ചയുടെ ദുരിതത്തിലേക്ക് തള്ളി വിടുന്ന അശാസ്ത്രീയ സമ്പാദനങ്ങളെ ഓർമ്മിപ്പിക്കുന്ന രചന. അതിന്റെ ഉദ്ദേശത്തെ മാനിക്കുന്നു. എന്നാൽ നേരത്തെ വായിച്ച സുഖാന്ധ്യം എന്ന കഥയെ അപേക്ഷിച്ച് അത്ര സന്തോഷം നല്കുന്നില്ലെന്ന് വായന.

    ReplyDelete
  38. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ദുരനുഭവങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു.

    ReplyDelete
  39. നമ്മളെല്ലാരും തന്നെ ഇതിലുൾപെടുന്നു... എല്ലാവർക്കും ഉന്നത വിദ്യഭ്യാസം, നിരവാരം അതിനനുസരിച്ചുള്ള ജീവിതാം.. അതിനിടയ്ക്കെന്ത് മഴകുഴി, എന്ത് പ്രകൃതി .... യൂസ് & ത്രോ അല്ലെ ജീവിതം....

    ReplyDelete
  40. വളരെ നല്ല എഴുത്ത് എന്ന് പറയട്ടെ ..

    ഇന്നിന്റെ ചില പ്രധാന ചിന്തകള്‍ കഥാരൂപത്തില്‍ അനുവാചകരിലേക്ക് എത്തിക്കുന്നതില്‍ എഴുത്തുക്കാരന്‍ വിജയം കണ്ടിരിക്കുന്നു.

    ReplyDelete
  41. ഇപ്പോഴാ വായിച്ചതു.. നന്നായിട്ടുണ്ട് മാഷെ..

    ReplyDelete
  42. നന്നായിരിക്കുന്നു നവാസ്, നല്ല സന്ദേശം കൃഷിയെ സ്നേഹിക്കുന്നവന്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുമ്പോഴും അവസാനം ഒരു തിരിച്ചു വരവ് - jcb കൊണ്ട് ഒരു മഴക്കുഴിയുണ്ടാക്കി മകന് കൃഷിയുടെ മഹത്വം കാണിച്ചു കൊടുക്കുന്ന അപ്പനെ വെറുതെ മോഹിച്ചു .പ്രകൃതിയുടെ സ്നേഹം മകനിലേക്ക് പകരനാവാതെ മാഞ്ഞുപോയ മൈക്കിളിനെ ഇഷ്ടമായി . ആശംസകള്‍!!

    ReplyDelete